ഒതളപ്പുഴത്തോട്ടിലെ അനധികൃത പാലം, പൊളിച്ചുനീക്കാൻ ഇറിഗേഷന് പഞ്ചായത്ത് കത്തുനൽകും
മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷന് വടക്കുഭാഗത്ത് ഒതളപ്പുഴത്തോട്ടിൽ നിർമിച്ച പാലം പൊളിച്ചുനീക്കാൻ ഇറിഗേഷൻ വകുപ്പിന് കത്തുനൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്. അശാസ്ത്രീയമായി പാലം നിർമിച്ചതിനെത്തുടർന്ന് സമീപത്തെ വീടുകളിലും അക്ഷയ സെൻ്റർ, ഹോട്ടലുകൾ എന്നിവിടങ്ങളിലും വെള്ളം കയറി. രണ്ട് ദിവസമായി പ്രദേശമാകെ വെള്ളം കെട്ടികിടക്കുകയാണ്. അക്ഷയ സെൻ്ററിലെ കമ്പ്യൂട്ടർ ഉൾപ്പെടെ നശിച്ചു.
സ്വകാര്യ വ്യക്തി തൻ്റെ കടയിലേക്ക് പാർക്കിംഗിനായാണ് പാലം നിർമിച്ചത്. സാധാരണ ഗതിയിൽ പാലം നിർമാണത്തിന് ഗ്രാമപഞ്ചായത്തിന് അപേക്ഷ നൽകുകയും അത് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത് ഇറിഗേഷൻ വിഭാഗത്തിന് കൈമാറുകയുമാണ് ചെയ്യുന്നത്. ഇതിനു വിരുദ്ധമായി ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അപേക്ഷ പഞ്ചായത്ത് കമ്മിറ്റിയിൽ നൽകാതെ ഇറിഗേഷൻ വകുപ്പിന് നേരിട്ടു നൽകുകയായിരുന്നു. ഇങ്ങനെ പാലം ഒതളപ്പുഴ തോടിനു കുറുകെ താഴ്ത്തി നിർമിച്ചതും തോട്ടിനകത്ത് ബീമുകൾ സ്ഥാപിച്ച് നിർമിച്ചതുമാണ് വെള്ളം കയറാൻ കാരണമായത്.
ഇന്നലെ സ്ഥലം സന്ദർശിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.സുധാകരക്കുറുപ്പ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്നാണ് പാലം പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പിന് കത്തു നൽകുമെന്ന് അറിയിച്ചത്. തോട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പുതുതായി നിർമിച്ച പാലത്തിൻ്റെ കിഴക്കു ഭാഗത്ത് പഞ്ചായത്ത് വക സ്ഥലത്തു കൂടി ജെ.സി.ബി ഉപയോഗിച്ച് ഓട നിർമിച്ച് തോടിൻ്റെ ഗതി മാറ്റി. ഇതു മൂലം സമീപത്തെ വീടുകളിലേക്കുള്ള വഴിയും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചത്.