ഒടുവിൽ വഴങ്ങി എയർ ഇന്ത്യ..പണിമുടക്ക് അവസാനിപ്പിച്ച് തൊഴിലാളികൾ…
തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരുടെ പണിമുടക്കാണ് അവസാനിപ്പിച്ചത്. ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ശമ്പള വർധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം റീജിയണൽ ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. ഇന്നലെ രാത്രി മുതലാണ് 450 ഓളം എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാർ പണിമുടക്കിയത്.
വിവിധ വിഭാഗങ്ങളില്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരുടെ ശമ്പളം 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനും, ബോണസ് നിലവിലേതില്‍ നിന്നും 1000 രൂപ വര്‍ധിപ്പിക്കാനുമാണ് ധാരണയായത്. ജീവനക്കാരുടെ സമരം വിമാന സര്‍വീസുകളെ കാര്യമായി തന്നെ ബാധിച്ചിരുന്നു.വിദേശ സർവീസുകളെ സമരം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. ഒരു മണിക്കൂർ വരെ ലഗേജ് ക്ലിയറൻസ് വൈകി. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തിൽ പണിമുടക്ക് നടന്നത്.