എസ്.എൻ.ഡി.പി ശാഖാ പ്രസിഡൻ്റിനെ വീടുകയറി ആക്രമിച്ചു… പോലീസിനെ കബളിപ്പിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു… ഒടുവിൽ പിടിയിലായപ്പോൾ…

വെള്ളറട: കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് കാവലിൽ നിന്നു രക്ഷപ്പെട്ട പ്രതിയെ പിടികൂടി. ഒപ്പം കൂട്ടുപ്രതിയും പിടിയിലായി. പുല്ലേന്തേരി സ്വദേശിയും കാരക്കോണം എസ്.എൻ.ഡി.പി ശാഖാ പ്രസിഡൻ്റുമായ സുദേവനെ വീടുകയറി ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്ന് ബുധനാഴ്ച രാത്രി ചാടി രക്ഷപ്പെട്ടത്.

പുല്ലന്തേരി പണ്ടാരത്തറയിൽ അച്ചൂസ് എന്ന് വിളിക്കുന്ന ബിനോയി (21) ആണ് മുങ്ങിയത്. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾക്ക് വെള്ളറട പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ്  സുദേവനെ ആക്രമിച്ച സംഭവമായി ബന്ധപ്പെട്ട ഒന്നാംപ്രതിയെ പോലീസ് പിടികൂടി റിമാന്റ് ചെയ്തത്. സുദേവനെ ആക്രമിക്കുന്ന സമയത്ത് ബിനോയിയുടെ കൈയ്ക്ക് പരിക്കേറ്റിരിരുന്നു.

അന്ന് തന്നെ ബിനോയ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ പ്രവേശിച്ചിരുന്നു. ബിനോയുടെ മാതാവ് കാരക്കോണം മെഡിക്കല്‍ കോളേജിലെ സ്വീപ്പിംഗ് ജീവനക്കാരിയാണ്.  ആശുപത്രി അധികൃതര്‍ വെള്ളറട പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ബിനോയ്ക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്.

ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ആയ ഉടനെ  കേസ് രജിസ്റ്റര്‍ ചെയ്ത് കോടതില്‍ ഹാജരാക്കി റിമാന്റ് ചെയ്യാനാണ് പോലീസ് നിശ്ചയിച്ചിരുന്നത്. സംഭവം മനസ്സിലാക്കിയ ബിനോയ് കഴിഞ്ഞദിവസം രാത്രി കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്ന് രാത്രി ബാത്ത് റൂമിൽ പോകണമെന്ന് പറഞ്ഞ് പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ബിനോയ്ക്കായി വെള്ളറട പോലീസ് നടത്തിയ തിരച്ചിലിലാണ് കേസിലെ മറ്റൊരു പ്രതി ഉൾപ്പെടെ രണ്ട് പേരെ പിടികൂടിയത്.

Related Articles

Back to top button