എസ്ബിഐക്കും പഞ്ചാബ് നാഷണൽ ബാങ്കിനും എട്ടിൻ്റെ പണി; മുഴുവൻ സർക്കാർ നിക്ഷേപങ്ങളം പിൻവലിക്കാൻ ഉത്തരവിട്ട് കർണാടക
പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുമായി ഇടപാടുകൾ അവസാനിപ്പിച്ച് കർണാടക സർക്കാർ. ഇത് സംബന്ധിച്ച് ഫിനാൻസ് സെക്രട്ടറി മുഖ്യമന്ത്രിയുടെ അനുമതിയോട് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളോടും ഈ രണ്ട് ബാങ്കുകളിലുമുള്ള മുഴുവൻ നിക്ഷേപങ്ങളും പിൻവലിക്കാനാണ് ഫിനാൻസ് സെക്രട്ടറി നിർദ്ദേശം നൽകിയിരിക്കുന്നത്.ഇനി ഈ ബാങ്കുകളിൽ നിക്ഷേപം നടത്തരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ട് ബാങ്കുകളിലുമുള്ള സർക്കാർ നിക്ഷേപങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ബാങ്കുകളോട് സംസ്ഥാന സർക്കാർ ആരോപണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിരുന്നില്ല. ഇതിനാലാണ് സർക്കാർ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.