എല്ലാവരും ചേർന്നെന്നെ സംഘിയാക്കി..ഞാനൊരു സാധാരണക്കാരനാണെന്ന് ജിതിൻ…

എല്ലാവരും ചേര്‍ന്ന് തനിക്ക് സംഘിപ്പട്ടം ചാര്‍ത്തി തന്നുവെന്നും താന്‍ വര്‍ഗീയ വാദിയല്ലെന്നും ഷിരൂരില്‍ മണ്ണിടിച്ചില്‍ മരിച്ച അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍. വിവേകമുള്ളയാരും കമന്റ് ബോക്‌സില്‍ വര്‍ഗീയ കമന്റ് ഇടരുത്. താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും ജിതിന്‍ പറഞ്ഞു. മനാഫിന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രതികരണം.പത്രസമ്മേളനത്തില്‍ എല്ലാ കാര്യവും പറയാന്‍ സാധിച്ചില്ല. പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല ജനങ്ങളില്‍ എത്തിയത് എന്നും ജിതിൻ പറഞ്ഞു.

ജിതിന്‍ മാതൃകയാക്കേണ്ടയാളാണെന്ന് മനാഫും പ്രതികരിച്ചു. തങ്ങള്‍ ഒരു കുടുംബമാണ്. ഇവരെ സംഘി അളിയാ എന്ന് വിളിക്കരുത്. അര്‍ജുന്റെ അളിയനും അനിയനും തന്റെ കുടുംബമാണെന്നും തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് ആവര്‍ത്തിച്ചു.
ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മനാഫ് മാധ്യമങ്ങളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും അര്‍ജുന്റെ ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.പിന്നാലെയാണ് അർജുന്റെ കുടുംബത്തിനെതിരെ സൈബർ അക്രമണം കടുത്തത്.

Related Articles

Back to top button