എയർ ഇന്ത്യ കയ്യൊഴിഞ്ഞ നമ്പി രാജേഷിന്റെ കുടുംബത്തിന് നീതി തേടി കെ സി വേണുഗോപാൽ..കത്തയച്ചു…
പ്രവാസി മലയാളി നമ്പി രാജേഷിന്റെ മരണത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ വ്യോമയാന മന്ത്രിയുടെ ഇടപെടലാവശ്യപ്പെട്ട് കെ സി വേണുഗോപാൽ കത്തയച്ചു. കേന്ദ്രമന്ത്രി റാം മോഹൻ നായിഡുവിനാണ് കത്ത് നൽകിയത്. കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും നഷ്ടപരിഹാരം നൽകാൻ മന്ത്രി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ നമ്പി രാജേഷിനെ കാണാനും ശുശ്രൂഷിക്കാനുമായി ഭാര്യക്ക് വിദേശത്തേക്ക് പോകാൻ എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരുടെ സമരം കാരണം സാധിച്ചിരുന്നില്ല. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് യാത്ര മുടങ്ങാൻ കാരണം. എന്നാൽ ഇതിന് നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കെ സി വേണുഗോപാൽ ഇടപ്പെട്ടത്.
ഇക്കഴിഞ്ഞ മെയ് മാസം ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ കരമന സ്വദേശിയായ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13 ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്.