എന്നെ വിവാഹം ചെയ്യൂ.. യുവാവിന് പിന്നാലെ ഓടി യുവതി…

വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ തുടങ്ങിയതോടെ നാട്ടുകാരും ചുറ്റും കൂടി.

ഇതോടെ യുവാവ് ഓടി രക്ഷപെടാനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍, യുവാവിന് പിന്നാലെ യുവതിയും ഓടി. യുവാവിന്‍റെ കൈയില്‍ പിടിച്ച് തന്നെ വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, പിന്നെയും പിന്നെയും യുവതിയുടെ കൈയില്‍ നിന്ന് പിടിവിട്ട് രക്ഷപെടാനുള്ള ശ്രമങ്ങളാണ് യുവാവ് നടത്തുന്നത്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു. എന്നാല്‍, വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവാവിന്‍റെ ബന്ധുക്കള്‍ വിവാഹം നീട്ടുന്നതിനായി ഒഴികഴിവുകൾ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന അവസ്ഥയായതോടെ എന്തായാലും പൊലീസ് സ്ഥലത്ത് എത്തി. ഇരു കൂട്ടരെയും വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും യുവതിക്കും യുവാവിനും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ഇതിന് ശേഷം ഇരുകൂട്ടരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപം തന്നെയുള്ള ക്ഷേത്രത്തില്‍ വച്ച് വിവാഹവും നടന്നു. ബിഹാറിലെ നവാടയിലെ ഭഗത് സിംഗ് ചൗക്കിലാണ് സംഭവം.

Related Articles

Back to top button