എണ്ണക്കപ്പൽ തകർത്ത് ഹൂതികൾ..പിന്നാലെ തിരിച്ചടി..ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യു.എസ് ആക്രമണം…
യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ അതിശക്തമായ ആക്രമണം.യുദ്ധക്കപ്പലുകളും വിമാനങ്ങളും പങ്കെടുത്ത ആക്രമണത്തിൽ 15 ഹൂതി കേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്കയുടെ സൈനിക വക്താവ് വ്യക്തമാക്കി. ചെങ്കടലിൽ എണ്ണക്കപ്പൽ തകർക്കുന്ന ദൃശ്യങ്ങൾ ഹൂതികൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്. ചരക്കു കപ്പലുകൾ ആക്രമിച്ചുകൊണ്ട് ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ തകിടം മറിക്കാനുള്ള ഹൂതികളുടെ നീക്കത്തിനുള്ള മറുപടിയായാണ് അമേരിക്കയുടെ ആക്രമണം.
നവംബർ മുതൽ ചെങ്കടലിൽ 100ഓളം ആക്രമണങ്ങളാണ് ഹൂതികൾ നടത്തിയത്. ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചായിരുന്നു ആക്രമണങ്ങൾ. രണ്ട്കപ്പലുകൾ ഹൂതികൾ മുക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സാധാരണയിലും കടുത്ത ഒരു ആക്രമണം ഇന്നലെ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായത്. നിരവധി യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും ആക്രമണത്തിൽ പങ്കെടുത്തു.




