ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ രണ്ട് സ്കൂളുകൾ .. കാണാതായ കുട്ടികളെ ഇനിയും കണ്ടെത്താനായില്ല…

കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്ന് മുണ്ടക്കൈ വെള്ളാർമലയിലെയും മേപ്പാടി ഭാഗത്തെയും രണ്ട് സ്കൂളുകളിൽ നിന്നുമായി 29 വിദ്യാർഥികളെ കാണാതായതായി ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വയനാട്ടിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് സ്കൂളുകളാണ് ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ ഉള്ളത്. ഇതിൽ വെള്ളാർമല സ്കൂളിൽനിന്ന് 11 കുട്ടികളെയാണ് കാണാതായത്. കാണാതായ 29 കുട്ടികളിൽ നാലുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായത്. എല്ലാ കുട്ടികളുടെയും വിശദവിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഉരുൾപൊട്ടലിനെ തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളിൽ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് യോഗം വിലയിരുത്തി. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ഇനിയാരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കർണാടക സബ് ഏരിയ ജനറൽ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറൽ വി.ടി മാത്യു യോഗത്തെ അറിയിച്ചു.

ആർമിയുടെ 500 പേർ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തെരച്ചിലിനായി ഇപ്പോഴുമുണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താൻ ഇല്ലെന്നാണ് നിഗമനം. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ നടത്തുന്നുണ്ട്..

Related Articles

Back to top button