ഈ സമരം എന്റെ ഉറക്കം കെടുത്തുന്നു..ഡോക്ടര്‍മാരുടെ സമരപ്പന്തലില്‍ അപ്രതീക്ഷിതമായി എത്തി മമത.. അഭ്യര്‍ഥനയും…
ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ, സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപ്പന്തലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി മമത ബാനര്‍ജി.ആവശ്യങ്ങളില്‍ കൂടിയാലോചന നടത്തിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മമത സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി.ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ മമത ബംഗാള്‍ ഉത്തര്‍പ്രദേശ് അല്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, മമതയുടെ സന്ദര്‍ശനത്തിന് പിന്നാലെ സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഡിജിപി രാജീവ് കുമാറിനൊപ്പം, ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബാനര്‍ജി സമരപ്പന്തലില്‍ എത്തിയത്. അപ്രതീക്ഷിതമായി എത്തിയ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധക്കാര്‍ പോലും അമ്പരന്നു. മഴക്കെടുതികള്‍ക്കിടയിലും നിങ്ങള്‍ തുടരുന്ന സമരം എന്റെ ഉറക്കം കെടുത്തുന്നു. ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മമത ഉറപ്പ് പറഞ്ഞു.


