ഇ-ഗ്രാന്റ് അട്ടിമറിക്കെതിരെ സെക്രട്ടറിയേറ്റ് ധർണ.. രാജ്ഭവൻ മാർച്ചും നടത്തും…
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആദിവാസി-ദലിത് വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റ് അട്ടിമറിക്കെതിരെ സെക്രട്ടറിയേറ്റ് ധർണ നടത്തി. ആദിശക്തി സമ്മർ സ്‌കൂളിന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഡോ. എൻ.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഗ്രാന്റുകൾ രണ്ടു വർഷത്തോളമായി തടഞ്ഞുവെക്കപ്പെട്ട സാഹചര്യത്തിൽ ആദിവാസി – ദലിത് വിദ്യാഥികളുടെ ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആദിശക്തി സമ്മർ സ്‌കൂൾ ആക്റ്റിങ് പ്രസിഡന്റ് മണിക്കുട്ടൻ പണിയൻ അധ്യക്ഷത വഹിച്ചു. ഗോത്രമഹാസഭ സ്റ്റേറ്റ് കോഡിനേറ്റർ എം. ഗീതാനന്ദൻ, ഒ.പി. രവീന്ദ്രൻ, സി.എസ്. മുരളി, മാഗ്ലിൻ ഫിലോമിന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഇ-ഗ്രാൻഡ് വരുമാനപരിധി രണ്ടര ലക്ഷം എന്നത് മാറ്റുക, വിദ്യാർത്ഥിക്ക് അർഹമായ എല്ലാ ഗ്രാൻഡുകളും പ്രതിമാസം നൽകുക, ഇ-ഗ്രാൻഡ് കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുക, ഹോസ്റ്റൽ അലവൻസുകൾ ജീവിക്കാൻ അനുയോജ്യമായ നിലയിൽ കൂട്ടുക, വർഷത്തിൽ ഒറ്റ തവണയായി വിദ്യാഭ്യാസ അലവൻസുകൾ കൊടുത്താൽ മതിയെന്ന കേരള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തിയത്.