ഇൻസ്റ്റഗ്രാമിലെ കാമുകിയെ നേരിൽ കണ്ടു.. പൊട്ടിക്കരഞ്ഞ് കാമുകൻ…
മലപ്പുറം: മൊബൈൽ സ്ക്രീനിൽ മാത്രം കണ്ട കാമുകിയെ നേരിട്ട് കണ്ടതോടെ ഞെട്ടിത്തരിച്ച് കാമുകൻ, പിന്നാലെ കൂടെ ജീവിക്കാനാണ് വീടുവിട്ടിറങ്ങിയത് എന്നറിഞ്ഞതോടെ കരച്ചിലും. ഇൻസ്റ്റഗ്രാമിലൂടെയാണ് മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ 22 കാരൻ യുവതിയുമായി പ്രണയത്തിലാകുന്നത്. പ്രണയിനിക്ക് 18 വയസ്സ് മാത്രമേ പ്രായമൂള്ളൂവെന്നാണ് യുവാവ് കരുതിയത്. താൻ 18 കാരിയാണെന്ന് യുവതിയും ഇയാളെ വിശ്വസിപ്പിച്ചു. ബന്ധം വളർന്നതോടെ യുവാവ് തന്റെ വിലാസവും കാമുകിക്ക് നൽകി.
വിലാസം കിട്ടിയതോടെ യുവാവിനെ തേടി കോഴിക്കോട് സ്വദേശിനിയായ കാമുകി വീട്ടിലെത്തി. യഥാർഥ കാമുകിക്ക് അമ്മയുടെ പ്രായവും മറ്റു നാല് മക്കളുമുണ്ടെന്ന് അറിഞ്ഞതോടെ യുവാവ് കരച്ചിലായി. ഇവരെ വീട്ടിൽനിന്ന് ഇറക്കിവിടാൻ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും ഒന്നിച്ചു ജീവിതം തുടരാനാണ് വന്നതെന്നായിരുന്നു യുവതിയുടെ നിലപാട്. കാമുകൻ കരച്ചിൽ തുടർന്നതോടെ ഒടുവിൽ പൊലീസിന്റെ സഹായംതേടി. ഇതേസമയം, സ്ത്രീയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ കോഴിക്കോട് പൊലീസിൽ പരാതിപ്പെട്ടിരുന്നു. വിവരം ലഭിച്ച് കോഴിക്കോട്ടുനിന്ന് ബന്ധുക്കൾ കാളികാവിലെത്തി.
കാമുകൻ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. കാമുകനെ കൈകാര്യം ചെയ്യാനുള്ള ആസൂത്രണവുമായാണ് ഇവർ വന്നത്. പൊലീസ് സ്റ്റേഷനിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇറങ്ങിയ കാമുകനെ ബന്ധുക്കൾ ഇടവഴിയിലൂടെ കുടുംബ വീട്ടിലേക്കു മാറ്റി രക്ഷിച്ചെടുത്തു. കാമുകിയെ ബന്ധുക്കൾ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.