ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നതായി റിപ്പോർട്ട്…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കേരള ബ്ലാസ്റ്റേഴ്‌സ് പിഴ ചുമത്തിയതായി റിപ്പോർട്ട്. ഒരു കോടി രൂപയാണ് ക്ലബ് വിട്ട ഇവാന് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നത്.ഐഎസ്എല്‍ 2022-23 സീസണില്‍ ബെംഗളൂരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിവാദമായ മത്സരം നടന്നത്.ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിൽ ബ്ലാസ്‌റ്റേഴ്‌സിനു വലിയ പിഴ ഒടുക്കേണ്ടി വന്നിരുന്നു. ടീമിന് നാലു കോടിയാണ് എ.ഐ.എഫ്.എഫ് പിഴ ചുമത്തിയിരുന്നത്. ഇവാന് പത്ത് മത്സരങ്ങളിൽ വിലക്കിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. സാധാരണ ടീമിനുള്ള പിഴ ക്ലബ് ഉടമകളാണു വഹിക്കാറുള്ളത്. എന്നാൽ, ഇവാന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിൽനിന്ന് ഒരു കോടി രൂപ ഈടാക്കിയതെന്നാണു പുറത്തുവരുന്ന വിവരം.

കഴിഞ്ഞ ഏപ്രിൽ 26നാണ് ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞെന്ന് ഇവാൻ പ്രഖ്യാപിച്ചത്. മൂന്ന് സീസണിൽ ടീമിനെ മികച്ച നിലയിലെത്തിച്ച ശേഷമായിരുന്നു ക്ലബ് വിട്ടത്. ഇവാൻ പരിശീലിപ്പിച്ച മൂന്നു തവണയും ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിലെത്തിയിരുന്നു. 2021ലാണ് അദ്ദേഹം ക്ലബിനൊപ്പം കൂടിയത്.

Related Articles

Back to top button