ഇവര്‍ ‘ത്രിപ്പിൾ’: പങ്കാളികളായി ഒരു വീട്ടില്‍ മൂന്നുപേര്‍
ജീവിതത്തില്‍ ഏക പങ്കാളി എന്നതാണ് പരക്കെയുള്ള ഇന്ത്യന്‍ കാഴ്ചപ്പാട്.എന്നാല്‍ ഈ രീതിയെ ഇല്ലാതാക്കുന്ന ജീവിതമാണ് മുംബൈ സ്വദേശികളായ ആഷിഷ് മെഹ്‌റോത്രയും ശ്വേത സാംഗ്താനിയും തനിഷ ആർകെ എന്നിവരുടെത്. നിലവില്‍ കുടുംബം എന്നതിന്‍റെ സാമൂഹ്യ നിര്‍വചനങ്ങള്‍ക്ക് അപ്പുറമാണ് ഇവരുടെ പോളിഅമോറസ് റിലേഷന്‍ഷിപ്പ് പോകുന്നത്.
ഇവരുടെ അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. 2017 ലാണ് തനിഷയുടെ വളരെക്കാലം നീണ്ടും നിന്ന പ്രണയബന്ധം പിരിഞ്ഞത്. പിന്നീട് കുറച്ചുകാലം ഒറ്റയ്ക്കായിരുന്നു. 2020 കൊവിഡ് കാലം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ആഷിനെയും ശ്വേതയെയും കണ്ടുമുട്ടിയത്.
താമസിയാതെ തനിഷയും ആഷിഷും ഡേറ്റിംഗ് ആരംഭിച്ചു. ഈ സമയത്താണ് ആഷിഷ് തന്‍റെ റിലേഷന്‍ഷിപ്പ് സ്വപ്നത്തെക്കുറിച്ച് തനിഷയുമായി മനസ് തുറന്നത്. ശ്വേതയ്ക്കൊപ്പം ജീവിക്കാൻ കഴിയുമെങ്കിൽ മാത്രമേ താൻ ആരെയെങ്കിലും ഡേറ്റ് ചെയ്യൂ എന്ന് ആഷിഷ് വ്യക്തമാക്കി. ഇതോടെ തനിഷയും ശ്വേതയും കൂട്ടായി. ഈ ഡേറ്റിംഗ് മുന്നോട്ട് പോകവെയാണ് മൂന്ന് പേർക്കും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടായത്.
“സാധാരണ കണ്ടുവരുന്ന ഏക പങ്കാളി കുടുംബം അല്ലാത്തതിനാല്‍ തന്നെ ഇത് സംബന്ധിച്ച് ചോദിക്കുന്നവരോട് ഏറെ വിശദീകരിക്കേണ്ടിവരും. സമൂഹത്തില്‍ നിലവിലുള്ള കുടുംബ സങ്കല്‍പ്പത്തില്‍ പുരുഷാധിപത്യം വളരെ ആഴത്തിൽ വേരൂന്നിയതാണ്, ആ ബന്ധങ്ങളും കുടുംബങ്ങളും പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകും, അതിനാല്‍ ഈ പുതിയ രീതി ഏറെ വിശദീകരിക്കണം,” ആഷിഷ് വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.