ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു… വീടിന് കേടുപാട്….
തിരുവനന്തപുരം : അറ്റകുറ്റപ്പണി ചെയ്തശേഷം വീട്ടിലെത്തിച്ച ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. കഴിവൂർ വേങ്ങപ്പൊറ്റ വി.എസ് സദനിൽ അമൽ വിൻസിന്റെ സ്കൂട്ടറാണ് കത്തിപ്പോയത്. ഒരു ലക്ഷത്തിലധികം വിലയുള്ള സ്കൂട്ടറാണ് ഇന്ന് ഉച്ചയോടെ കത്തിനശിച്ചത്.രാവിലെ സർവീസ് സെന്ററിൽ സ്കൂട്ടറിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടർന്ന് വീട്ടിലെത്തിച്ച് പത്തുമിനിട്ടിനുശേഷം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്നുള്ള തീ മൂലം വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. ചുമരിന്റെ ഒരുഭാഗം ചൂടും പുകയുമേറ്റ് കരിയുകയും ചെയ്തിട്ടുണ്ട്. ഷീറ്റുകൾ മേഞ്ഞിരുന്ന സമീപത്തെ ഷെഡും കത്തിനശിച്ചു.നാട്ടുകാർ വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ കെടുത്തിയത്. സ്കൂട്ടർ പുർണ്ണമായും കത്തിനശിച്ചുവെന്ന് അധികൃതർ പറഞ്ഞു. ഏകദേശം നാലുലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായി.