ഇലക്ടറൽ ബോണ്ട് കേസ്.. എസ്.ബി.ഐക്ക് തിരിച്ചടി…

ഇലക്ടറൽ ബോണ്ട് കേസിൽ എസ്.ബി.ഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്.ബി.ഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ കൈമാറണമെന്ന് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ്.ബി.ഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നതെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. വാദത്തിനിടെ എസ്ബിഐയെ സുപ്രീം കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. കേസിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു. ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി ചോദിച്ചു. ഇലക്ടറൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചുവെന്നും പൂർണ്ണവിവരം നൽകുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചത്.

Related Articles

Back to top button