ഇലക്ടറൽ ബോണ്ട്.. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ…
രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2019 ഏപ്രിൽ 12 ലെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു. ഈ വിവരങ്ങളാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. 2017 -18 സാമ്പത്തിക വർഷം ബി.ജെ.പിക്ക് ലഭിച്ചത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി രൂപ ലഭിച്ചു. ഇതേവർഷം കോൺഗ്രസിന് ലഭിച്ചത് അഞ്ച് കോടിയാണ്. 2018- 19 സാമ്പത്തിക വർഷം ബി.ജെ.പിക്ക് 1450 കോടിയും കോൺഗ്രസിന് 383 കോടിയും ലഭിച്ചു. 2019ൽ വീണ്ടും അധികാരത്തിൽ വന്ന ശേഷം 2019 -2020 സാമ്പത്തിക വർഷം ബി.ജെ.പിക്ക് ലഭിച്ചത് 2555 കോടിയുമാണ്. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ കണക്ക് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.