ഇരട്ടയാർ കേസ്..പെൺകുട്ടി സ്വയം കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയത്..സുഹൃത്തിനെ ചോദ്യം ചെയ്യും…
ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത മരിച്ചത് കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് .സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.ഇത് സ്ഥിരീകരിക്കുന്നതിനായി പെൺകുട്ടിയുടെ ബെംഗളുരുവിലുള്ള സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിൽ വീട്ടുകാരല്ലാതെ മറ്റാരും മുറിക്കുള്ളിൽ കടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല.
ആൺ സുഹൃത്തുക്കളിലൊരാളോട് മൊബൈലിൽ വഴക്കുണ്ടാക്കുന്നതായി കണ്ടിരുന്നുവെന്ന് അമ്മ മൊഴി നൽകി. തുടർന്ന് പൊലീസ് മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചു. താൻ മരിക്കുമെന്ന് ബെംഗളുരുവിലുള്ള സുഹൃത്തിന് സന്ദേശം അയച്ചതിൻറെ തെളിവുകൾ മൊബൈലിൽ നിന്നും പൊലീസിന് ലഭിച്ചു. ഇയാൾ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും പെൺകുട്ടി എടുത്തിരുന്നില്ല.ബെൽറ്റുകൊണ്ട് കഴുത്തുമുറുക്കിയത് പെൺകുട്ടി തന്നെയാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.