ഇന്‍സ്റ്റഗ്രാം വഴി ചാറ്റിങ്..വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ..പ്രതികൾ പിടിയിൽ…

വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍

ഇൻസ്റ്റഗ്രാം ചാറ്റിങ് വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ആദ്യം 1000 രൂപയാണ് വീട്ടമ്മ നൽകിയത്. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടിൽ എത്തി. തുടർന്ന് 3000 രൂപ നൽകി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടർന്ന് 80,000 രൂപ നൽകി. എന്നാൽ പണം തിരികെ ലഭിച്ചില്ല. ഇതേ തുറന്ന് ഇവരെ ബന്ധപ്പെട്ടപ്പോൾ അക്കൗണ്ട് ബ്ലോക്കായതിനാൽ പണം നൽകാൻ സാധിക്കുന്നില്ലെന്നും ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും അറിയിച്ചു.തുടർന്ന് സമാനരീതിയിൽ അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മ നൽകി. അക്കൗണ്ട് ബ്ലോക്ക് മാറിയാൽ പലിശ ഉൾപ്പെടെ പണം തിരികെ നൽകാമെന്നായിരുന്നു തട്ടിപ്പു സംഘം അറിയിച്ചത്. ഈ വിശ്വാസത്തിൽ സ്വർണ്ണം പണയം വെച്ചായിരുന്നു വീട്ടമ്മ പണം അയച്ചു കൊടുത്തത്. പല യുപിഐ അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം അയച്ചു നൽകിയത്.

ഓൺലൈൻ പണം തട്ടിപ്പിന് പിന്നിൽ വൻ റാക്കറ്റാണെന്നാണ് പൊലീസ് പറയുന്നത്. വിദ്യാർഥികളേയും തട്ടിപ്പിന് ഉപയോഗിക്കുന്നു. വിദ്യാർഥികളെക്കൊണ്ട് ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ച് അവർ മുഖേന നടത്തുന്ന പണമിടപാടുകൾക്ക് കമ്മിഷൻ നൽകുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് പരാതിയിലാണ് പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

Related Articles

Back to top button