ഇന്ന് വായനാദിനം… ജിജുവിൻ്റെ വീട് പുസ്തകങ്ങളുടെയും…

വിളപ്പിൽ: വായനയും പുസ്തക ശേഖരണവും ജീവിതമാക്കി ഒരാൾ. വിളപ്പിൽശാല പുന്നശേരി ജിജു വിഹാർ അക്ഷരാർത്ഥത്തിൽ ഒരു പുസ്തകവീടാണ്. വിളപ്പിൽ വില്ലേജിൽ ഫീൽഡ് അസിസ്റ്റൻ്റായി ജോലി ചെയ്യുന്ന കെ.എസ് ജിജു (49) വിൻ്റെ ഈ കൊച്ചുവീട്ടിൽ ആകെയുള്ള മൂന്ന് കിടപ്പുമുറികൾ നിറയെ പുസ്തകങ്ങളാണ്.

മുറികളിലും, ചുമരുകളിൽ സ്ഥാപിച്ചിട്ടുള്ള ഷെൽഫുകളിലും അടുക്കി വച്ചിരിക്കുന്നത് ആയിരക്കണക്കിന് പുസ്തകങ്ങൾ. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് ജിജു വായന ശീലമാക്കിയത്. കൂട്ടുകാർക്കൊപ്പം കളിക്കളങ്ങളിലല്ല, വായനശാലകളിലാണ് ജിജു ബാല്യം ചിലവഴിച്ചത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കിട്ടിയ സ്കോളർഷിപ്പ് തുകയ്ക്ക് പുസ്തകങ്ങൾ വാങ്ങിയായിരുന്നു തുടക്കം. ഇന്ന് വൈജ്ഞാനിക ഗ്രന്ഥങ്ങൾ, തച്ചുശാസ്ത്രങ്ങൾ, വേദസംഹിതകൾ, ശാസ്ത്ര-സാങ്കേതിക രംഗത്തെ റഫറൻസ് ഗ്രന്ഥങ്ങൾ, വേൾഡ് ക്ലാസിക്കുകൾ കൂടാതെ 40 വർഷമായി ശേഖരിക്കുന്ന ഇംഗ്ലീഷ് – മലയാളം പത്രങ്ങളിലെ വിജ്ഞാനലേഖനങ്ങളും ജിജുവിൻ്റെ ശേഖരത്തിലുണ്ട്.

വീട്ടിലെ സാമ്പത്തിക പരാധീനതയെ തുടർന്ന് ഡിഗ്രിയിൽ പഠനം നിർത്തി. കുട്ടിക്കാലത്തുണ്ടായ അപകടത്തിൽ വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട ജിജുവിന് ഭാരിച്ച ജോലികൾ ചെയ്യാനാവില്ല. സമീപത്തെ വീടുകളിൽ കുട്ടികളെ ട്യൂഷൻ പഠിപ്പിക്കാനിറങ്ങി. അതിൽനിന്നു കിട്ടുന്ന വരുമാനത്തിൽ ഒരൽപം ഇഷ്ട പുസ്തകങ്ങൾ സ്വന്തമാക്കാൻ മാറ്റിവച്ചു. 2013 ൽ റവന്യു വകുപ്പിൽ ജോലി ലഭിച്ചു. ഇപ്പോഴും ശമ്പളത്തിൽ ഭൂരിഭാഗവും നീക്കിവയ്ക്കുന്നത് പുസ്തകങ്ങൾ വാങ്ങാൻ തന്നെ. സർക്കാർ ജീവനക്കാരനാണെങ്കിലും നല്ലൊരു വീടോ ബാങ്ക് ബാലൻസോ ജിജുവിനില്ല. അതേക്കുറിച്ച് ചോദിച്ചാൽ ജിജുവിൻ്റെ മറുപടി ഇങ്ങനെ….. ‘ഈ പുസ്തകങ്ങളാണ് എൻ്റെ സമ്പാദ്യം. തലമുറകൾക്ക് വായിച്ചു വളരാൻ അപൂർവ ഗ്രന്ഥങ്ങളുള്ള വലിയൊരു പുസ്തകവീടാണ് എൻ്റെ ലക്ഷ്യം…’

Related Articles

Back to top button