ഇന്ന് ലോക സംഗീതദിനം ..സംഗീതം ജീവതാളമാക്കി അപ്പുക്കുട്ടൻ ഭാഗവതർ…
തിരുവനന്തപുരം: പ്രായത്തെ വെറും നമ്പറാക്കി ഒരു സംഗീതജ്ഞൻ. അതാണ് അപ്പുക്കുട്ടന്‍ ഭാഗവതർ. വിഖ്യാത സംഗീതജ്ഞന്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ഈ ശിഷ്യന് ഇപ്പോൾ പ്രായം 96. ഇന്നും സംഗീതം ജീവതാളമാണ് ഭാഗവതർക്ക്.ആകാശവാണിയിലെ വായ്പ്പാട്ട് കലാകാരന്‍, സംഗീത അധ്യാപകന്‍ എന്നീ വിശേഷണങ്ങള്‍ക്കൊപ്പം ക്ലോക്കുകളുടെയും വാച്ചുകളുടെയും ഹൃദയമിടിപ്പറിയുന്ന ഡോക്ടര്‍ കൂടിയാണ് കരമന തളിയല്‍ മേലേത്തട്ട് വീട്ടില്‍ ആര്‍. അപ്പുക്കുട്ടന്‍ ഭാഗവതര്‍. തലസ്ഥാനത്തെ മെക്കാനിക്കല്‍ ക്ലോക്കുകളുടെയും വാച്ചുകളുടെയും മുതിര്‍ന്ന മെക്കാനിക്ക്. ശുദ്ധസംഗീതവും ഘടികാരതാളവും ഭാഗവതരുടെ ഹൃദയം കീഴടക്കിയിട്ട് എട്ടുപതിറ്റാണ്ട്.
സംഗീതത്തിൻ്റെ ആദ്യാക്ഷരങ്ങൾ അമ്മ ദേവകിയമ്മയും, വാച്ച് റിപ്പയറിംഗിൻ്റെ ബാലപാഠങ്ങള്‍ അച്ഛൻ രാമകൃഷ്ണ പിള്ളയുമാണ് അപ്പുക്കുട്ടന് പകർന്നുനൽകിയത് 1950 ല്‍ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ പഠനത്തിന് ചേര്‍ന്നു. വിഖ്യാത സംഗീതജ്ഞന്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തിൽ അപ്പുക്കുട്ടൻ ഗാനഭൂഷണം പാസായത് ഫസ്റ്റ് ക്ലാസോടെ. പഠനം കഴിഞ്ഞുടൻ സർക്കാർ സ്കൂളിൽ സംഗീത അധ്യാപകനായി നിയമനം. ജോലിക്കിടയിലും സംഗീത യാത്രകള്‍ അദ്ദേഹം തുടർന്നു.
ആകാശവാണിയിലെ ഗാനകൈരളി എന്ന സംഗീത പരിപാടിയില്‍ വര്‍ഷങ്ങളോളം കച്ചേരികള്‍ അവതരിപ്പിച്ചു. ആകാശവാണിയുമായുള്ള ബന്ധം 80-ാം വയസ്സില്‍ അദ്ദേഹം അവസാനിപ്പിച്ചു. 80 വയസ്സ് ഒരു ക്ലാസിക്കല്‍ ഗായകനെ സംബന്ധിച്ച് പാട്ട് നിര്‍ത്താനുള്ള പ്രായമല്ല. പ്രായാധിക്യം കേള്‍വിശക്തി കുറച്ചപ്പോൾ ശ്രുതിഭംഗം മുന്നില്‍ കണ്ട് ഇനി കച്ചേരിക്കില്ലെന്ന് അദ്ദേഹം ആകാശവാണിക്ക് കത്തെഴുതുകയായിരുന്നു. സ്വരം നന്നായരുന്നപ്പോൾ പാട്ട് നിർത്തിയതാണെന്ന് ചെറുചിരിയോടെ ഭാഗവതർ.
സംഗീതം ജീവശ്വാസമാണ്, അത് നിലച്ചാൽ തനില്ലെന്ന് ത്യാഗരാജ കീർത്തനം മൂളി ഭാഗവതർ പറയാതെ പറയുന്നു. ക്ലോക്കുകളും വാച്ചുകളും ശരിയാക്കുന്ന ജോലി ഇപ്പോഴുമുണ്ട്. ഓട്ടം നിലച്ച ഒരു ക്ലോക്ക് നന്നാക്കുമ്പോള്‍ ഒരു കച്ചേരി അവതരിപ്പിച്ച സംതൃപ്തിയാണെന്ന് അപ്പുക്കുട്ടൻ ഭാഗവതർ.