ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സംയുക്ത റാലി.. നിർണായക പ്രഖ്യാപനം…
ഇന്ത്യ സഖ്യത്തിന്‍റെ ആദ്യ സംയുക്ത റാലി ബിഹാറിലെ പാറ്റ്നയില്‍ നടന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖര്‍ഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ റാലിയിൽ പങ്കെടുത്തു. യു.പിയിൽ എൺപതും ബിഹാറിൽ നാൽപതും സീറ്റുകൾ നേടിയാൽ രാജ്യത്തെ രക്ഷിക്കാനാകുമെന് അഖിലേഷ് യാദവ് പറഞ്ഞു. ബിഹാറിൽ നിന്ന് തുടങ്ങുന്ന ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവൻ വീശിയടിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുതലാളിമാർക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്. രാജ്യത്തെ ദരിദ്രർക്കായി മോദി സർക്കാർ ഒന്നും ചെയ്യുന്നില്ല. വെറുപ്പിൻ്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ കട തുറക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികളുടെ പട്ടിക പരിശോധിച്ചാൽ ആദിവാസി സമൂഹത്തിൽ നിന്ന് ഒരാളെപ്പോലും കണ്ടെത്താൻ കഴിയില്ല. സ്വകാര്യ സ്കൂളുകളുടെയും കോളജുകളുടെയും പട്ടിക എടുത്താലും സ്ഥിതി ഇതുതന്നെ. രാജ്യത്ത് വേണ്ടി വീരമൃത്യു വരിച്ച ഭടന്മാരുടെ കുടുംബങ്ങൾക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മോദി സർക്കാർ എല്ലാ മേഖലകളെയും തകർത്തു. ബിജെപിയെയും ആർഎസ്എസിനെയും ഭയമില്ലെന്നും രാഹുൽ പറഞ്ഞു.പ്രധാനമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചു. 15 ലക്ഷം രൂപ അക്കൗണ്ടുകളിലേക്ക് വരുമെന്ന് മോദി പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കൾക്ക് തൊഴിലില്ല. അഞ്ഞൂറോളം പേരാണ് മോദിയുടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. മോദി നുണ ഫാക്ടറിയാണെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും മറക്കാനായി നുണ പറയുകയാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. കണ്ണട തുടച്ച് യാഥാർത്ഥ്യങ്ങൾ കാണാൻ ശ്രമിക്കണമെന്നും തേജസ്വി പറഞ്ഞു.