ഇനി പെണ്ണ് പൊന്നിൽ മുങ്ങണ്ട….
തിരുവനന്തപുരം: വനിതാ കമ്മീഷന്റെയും സ്ത്രീ സംരക്ഷണ സംഘടനകളുടെയും പ്രതിഷേധങ്ങൾക്കൊടുവിൽ സ്ത്രീധന നിരോധന ചട്ടം പുതുക്കാനൊരുങ്ങുന്നു. വധുവിന് രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്ന നിബന്ധന ഉടൻ പ്രാബല്യത്തിൽ വരും. വിവാഹത്തിന് മുൻപ് വധൂവരന്മാർക്ക് കൗൺസിലിംഗ് നൽകാനും വ്യവസ്ഥയുണ്ട്. വിഷയത്തിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിർദ്ദേശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധ വകുപ്പുകളുമായും ചർച്ചകൾ നടത്തിയ ശേഷം ഭേദഗതിയുടെ കരട് വകുപ്പിന് അയയ്‌ക്കും. വനിതാ കമ്മീഷൻ നൽകിയ ചില ശുപാർശകൾ നടപ്പാക്കാൻ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്‌ക്ക് അയച്ചുകൊടുക്കുംവിസ്മയയുടെ ആത്മഹത്യയ്‌ക്ക് പിന്നാലെ വനിതാ കമ്മീഷൻ സ്ത്രീധന നിരോധന ചട്ടങ്ങളിൽ പരിഷ്‌കരിക്കാൻ ശുപാർശകൾ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് പുറത്തുവിടുകയോ നടപടികളിലേക്ക് കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മീഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് പിണറായി സർക്കാർ നടപടിയ്‌ക്കൊരുങ്ങുന്നത്.