ഇതുവരെ 65 വാടക വീടുകൾ തയ്യാർ,രൂപരേഖ തയ്യാറാക്കാൻ അഞ്ചംഗ സമിതി: കെ രാജൻ

മുണ്ടക്കൈ ദുരന്തം അതിജീവിച്ച് ക്യാമ്പുകളിൽ കഴിയുന്നവരെ താത്കാലികമായി പുനരധിവസിപ്പിക്കാൻ വേണ്ട വാടക വീടുകളിൽ അന്തിമ തീരുമാനം ഉടൻ. പഠിച്ച് രൂപരേഖ തയ്യാറാക്കി മുന്നോട്ട് കൊണ്ടുപോകാൻ അഞ്ചംഗ സമിതിയെ നിയോ​ഗിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടർക്കാണ് സമിതിയുടെ ചുമതല. ഇതുവരെ ഉടൻ താമസം ആരംഭിക്കാൻ പൂർണ സജ്ജമായി 65 വീടുകൾ തയ്യാറായിട്ടുണ്ട്. എൽഎസ്ജിഡിയുടെ 41 കെട്ടിടങ്ങളും പിഡബ്ല്യുഡിയുടെ 24 കെട്ടിടങ്ങളുമടങ്ങുന്നതാണ് 65 വീടുകൾ. 34 എണ്ണം അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കാവുന്നതാണ്.
വാടക വീടിന് സന്നദ്ധത അറിയിച്ച് ആളുകൾ എത്തിയതിൽ ആകെ 286 വാടക വീടുകൾ തയ്യാറായിട്ടുണ്ടെങ്കിലും ആളുകളുടെ ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ പരിഗണിച്ച് വാടക വീടുകൾ ഒരുക്കുന്നത് മേപ്പാടി അടക്കം ആറ് പഞ്ചായത്തുകളിലേക്ക് കേന്ദ്രീകരിക്കണം എന്നാണ് തീരുമാനം. മുട്ടിൽ, വൈത്തിരി, കൽപ്പറ്റ, അമ്പലവയൽ, മുപ്പൈനാട് എന്നീ പഞ്ചായത്തുകളിൽ വാടക വീടുകളൊരുക്കാനാണ് സർക്കാർ തീരുമാനം. തയ്യാറായിട്ടുള്ള വാടക വീടുകളിൽ എന്തെല്ലാം സൌകര്യങ്ങൾ ആവശ്യമാണെന്നതടക്കമുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും.
തങ്ങളുടെ ജോലിക്കാരായ 102 തൊഴിലാളികളുടെ കുടുംബങ്ങൾക്ക് താമസിക്കാൻ ക്വാര്‍ട്ടേഴ്സുകൾ നൽകാമെന്ന് ഹാരിസൺ മലയാളം വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ പരിശോധന നടത്തും. ദുരന്തത്തിൽ കാണാതായവരിൽ 130 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായ 119 പേരുടെ കുടുംബാം​ഗങ്ങളുടെ രക്ത സാമ്പിളുകൾ എടുത്തു. ഡിഎൻഎ ടെസ്റ്റ് നടക്കുന്നുണ്ട്. 14 ക്യാമ്പുകളിലായി 599 അന്തേവാസികളാണുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്തമേഖലകളെല്ലാം സന്ദർശിച്ചു. ആശുപത്രികളിലും ക്യാമ്പിലുമെത്തി ബാധിച്ചവരെ നേരിൽ കണ്ട് സംസാരിച്ചു. കേരളത്തിന്റെ ആവശ്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പ്രത്യേക പാക്കേജ് വേണമെന്നതടക്കമുള്ള കാര്യങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നും മന്ത്രി കെ രാജൻ അറിയിച്ചു.

Related Articles

Back to top button