ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം….
മലയിൻകീഴ്: ഇന്നത്തെ തോരാത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. വീടിനും ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. ഇടിമിന്നലേറ്റ് വിളവൂർക്കൽ ജംക്ഷനു സമീപം സിന്ധു കുമാരിയുടെ വീടിന്റെ വരാന്തയിലെ ചുവരിനു കേടുപാടുണ്ടായി. ഇന്നലെ പുലർച്ചെയാണ് സംഭവം. ഫാൻ, ടിവി , കിണറ്റിലെ മോട്ടർ ഉൾപ്പെടെ എല്ലാ വൈദ്യുത ഉപകരണങ്ങളും നശിച്ചു. വിളവൂർക്കൽ പഞ്ചായത്തിലെ ശങ്കരൻനായർ റോഡിൽ വട്ടവിള സിഎസ്ഐ പള്ളിയിലെ മീറ്റർ ബോക്സ് പൊട്ടിത്തെറിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ ചില വീടുകളിലെയും വൈദ്യുത ഉപകരണങ്ങൾക്കും നാശം ഉണ്ടായി. വിളവൂർക്കൽ പെരുകാവ്, വിളപ്പിൽ പഞ്ചായത്തിലെ കുണ്ടാമൂഴി ഭാഗത്തെയും നിരവധി വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്കും നാശം സംഭവിച്ചു.