ഇടതുപക്ഷ സർക്കാരിൻ്റെ സമ്പൂർണ്ണ പരാജയമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കാണാൻ കഴിയുന്നതെന്ന് കോൺഗ്രസ്…
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ എം.എൽ.എ വിളിച്ച യോഗം കോൺഗ്രസ് ബഹിഷ്കരിച്ചു. ആശുപത്രിയിലെ സ്ഥിതി മോശമാക്കിയത് ആശുപത്രി വികസന സമിതിയെ നോക്കുകുത്തിയാക്കി എം.എൽ.എ നടത്തിയ ഒറ്റയാൾ ഭരണമാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.ചാരിറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട സംഘടനയുടെ പേരിൽ നടത്തപ്പെടുന്ന ലാബ് വഴി ആശുപത്രിയുടെ പണം സി.പി.എം അപഹരിക്കുന്നതായും യോഗം ആരോപിച്ചു.
ആവശ്യത്തിന് പഞ്ഞിയും സിറിഞ്ചുമെങ്കിലും ആശുപത്രിയിൽ ലഭ്യമാക്കാൻ കഴിയാത്തത് ഇടതുപക്ഷ സർക്കാരിന്റെ സമ്പൂർണ്ണ പരാജയമാണെന്നും ഇതിൽ നിന്നും ശ്രദ്ധ തിരിക്കുവാനുള്ള എം.എൽ.എയുടെ നാടകമായി മാത്രമേ ആശുപത്രിക്ക് പുറത്ത് വിളിച്ചുചേർക്കുന്ന യോഗത്തെ കാണാൻ കഴിയൂ എന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
തദ്ദേശ ഭരണവും സംസ്ഥാന ഭരണവും നടത്തുന്ന സി.പി.എമ്മും പ്രദേശത്തെ എം.എൽ.എയും എം. പിയുമടക്കം വണ്ടാനം ടി. ഡി മെഡിക്കൽ കോളേജ് ആശുപത്രിയെ സ്വാർത്ഥ താല്പര്യത്തിനായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.ആശുപത്രി ജീവനക്കാരായി ഇഷ്ടക്കാരെ നിയമിക്കുന്നതും ലാബ് ടെസ്റ്റുകളിൽ ഇടപെടലുകൾ നടത്തുന്നതും സ്വാർത്ഥ താല്പര്യത്തിന്റെ നേർചിത്രങ്ങളാണ്. ആശുപത്രിയെ തകർക്കാനല്ല സംരക്ഷിക്കാനാണ് നോക്കേണ്ടതെന്നും അതിനായുള്ള കർമ്മ പരിപാടികൾക്കും സർക്കാരിന്റെ പിടിപ്പുകേടുകൾക്കെതിരെ കടുത്തപ്രക്ഷോഭത്തിനും കോൺഗ്രസ് നേതൃത്വം നൽകുമെന്നും യോഗം തീരുമാനിച്ചു.