ആ സ്നേഹവിളി മനസിലുടക്കി വരാതിരിക്കാനായില്ല ഐ.ബിക്ക്…
വിളപ്പിൽ: ഓർമ്മയില്ലേ..വിളപ്പിൽശാല ഗവ.യു.പി സ്കൂളിലെ മൂന്നാം ക്ലാസുകാരൻ എ.എസ് അഭിമന്യുവിനെയും, അഞ്ചാം ക്ലാസുകാരൻ അബ്ദുള്ളയെയും, ആറാം ക്ലാസുകാരി എ.ആർ ഗൗരീ നന്ദനയെയും. വയനാട് ദുരിതബാധിതർക്ക് സഹായം നൽകാൻ കുടുക്ക പൊട്ടിച്ചെടുത്ത നാണയത്തുട്ടുകളുമായി കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ നന്മ മനസുകളാണവർ.
തങ്ങളും സഹപാഠികളും സ്കൂളിൽ ഏൽപ്പിച്ച സഹായനിധി ഏറ്റുവാങ്ങാൻ പ്രീയപ്പെട്ട ഐ.ബി അങ്കിളിനെ കുട്ടികൾ ക്ഷണിച്ചു. ആ സ്നേഹവിളി മനസിലുടക്കി. വരാതിരിക്കാനായില്ല അവരുടെ ഐ.ബി അങ്കിൾ, കാട്ടാക്കട എംഎൽഎ അഡ്വ.ഐ.ബി സതീഷിന്. ഇന്നലെ ഐ.ബി സതീഷ് സ്കൂളിലെത്തി കുട്ടികളെ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. നിറഞ്ഞ മനസോടെ വയണാട് സഹായനിധി ഏറ്റുവാങ്ങി.
അഭിമന്യു സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച 690 രൂപയും, അബ്ദുള്ള കളിക്കോപ്പു വാങ്ങാൻ കുടുക്കയിൽ കരുതിവച്ച 125 രൂപയും, ഗൗരീനന്ദ ഓണക്കോടി വാങ്ങാൻ സ്വരുക്കൂട്ടിയ 250 രൂപയും, മറ്റ് വിദ്യാർത്ഥികളുടെ സംഭാവനയും ഉൾപ്പടെ 15000 രൂപ ഹെഡ്മിസ്ട്രസ് എസ്.സിന്ധുവും കുട്ടികളും ചേർന്ന് എംഎൽഎയ്ക്ക് കൈമാറി. പിറ്റിഎ പ്രസിഡൻ്റ് ആർ.എസ് രതീഷ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡി.ഷാജി, ജയകുമാർ തുടങ്ങിയവർ സന്നിഹിതരായി.