ആ പ്രതീക്ഷയും മങ്ങി..റഡാര്‍ സിഗ്നൽ ലഭിച്ച പ്രദേശത്ത് ഒന്നും കണ്ടെത്താനായില്ല…
ദുരന്തമുഖത്ത് ജീവന്റെ സിഗ്നൽ ലഭിച്ച സ്ഥലത്ത് ഒരു മണിക്കൂറോളം നടത്തിയ പരിശോധനയിൽ ഇന്ന് ഒന്നും കണ്ടെത്താനായില്ല.സിഗ്നൽ ലഭിച്ചതിന്റെ 50 ച.മീ പരിധിയിലാണ് മണ്ണുമാറ്റി പരിശോധന നടത്തിയത്. ഒന്നും കണ്ടെത്താനാവാതെ വന്നതോടെ ഈ ഭാഗത്തെ പരിശോധന താൽക്കാലികമായി നിർത്തി. കിട്ടിയ സിഗ്നല്‍ മനുഷ്യ ശരീരത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തവളയോ പാമ്പോ പോലുള്ള ജീവികളുടേതാവാം ലഭിച്ച സിഗ്നല്ലെന്നും നിഗമനം.
മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.