ആൾക്കൂട്ടക്കൊല…. അശോക് ദാസ് നേരിട്ടത് അതിക്രൂര മർദനം…..

എറണാകുളം: മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് നേരിട്ടത് അതിക്രൂരപീഡനങ്ങൾ. ആക്രമണത്തിൽ ഇയാളുടെ ശ്വാസകോശം തകർന്നുപോകുകയും തലക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അശോക് ദാസിനെ കെട്ടിയിട്ട് മർദ്ദിച്ച പ്രതികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ഇവ ഫോണിൽ നിന്നും ഡീലീറ്റ് ചെയ്ത നിലയിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ പൊലീസ് വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെടാൻ സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി. അശോക് ദാസിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കമിങ്ങനെയാണ്. പെൺസുഹൃത്തിനെ കാണാൻ വേണ്ടിയാണ് ഇയാൾ ഇവിടെയെത്തുന്നത്. തുടർന്ന് അശോക് ദാസും പെൺകുട്ടികളും തമ്മിൽ തർക്കമുണ്ടായി. അശോക് വീട്ടിനുള്ളിൽ വച്ച് സ്വയം കൈകൾക്ക് മുറിവേൽപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ കൂട്ടം കൂടി മർദ്ദിക്കുകയായിരുന്നു. മർദ്ദന ശേഷം സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണിൽ കെട്ടിയിട്ടു. കെട്ടിയിട്ട ശേഷവും മർദ്ദനം തുടർന്നു. അതിക്രൂര മർദനമാണ് ഈ യുവാവ് നേരിട്ടത്. ശ്വാസകോശം തകർന്നു പോകുകയും തലയുടെ വലതുഭാഗത്ത് രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടികൾ രജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പ്രതികളുമായി തെളിവെടുപ്പ് നടത്തും. സംഘം ചേർന്ന് മർദ്ദിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേർ സംഭവത്തിൽ പ്രതികളായിട്ടുണ്ട്. കൂടാതെ ഒരു മുൻ പഞ്ചായത്ത് അം​ഗവും പ്രതിയാണ്.

Related Articles

Back to top button