ആർ.എസ്.എസ് ആവശ്യം വേണ്ടെന്നു പറഞ്ഞ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദക്ക് കിട്ടിയ തിരിച്ചടിയോ….സീറ്റുകൾ കുറഞ്ഞത് നദ്ദയുടെ പ്രസ്താവനയിലോ…

ആർ.എസ്.എസിന്റെ സഹായം ആവശ്യമായിരുന്ന സമയത്ത് നിന്ന് ബിജെപി ഒരുപാട് വളർന്നെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ പരസ്യ പ്രതികരണം തിരിച്ചടിയായെന്ന വിലയിരുത്തലിൽ ബിജെപി. ബിജെപിക്ക് ഇപ്പോൾ ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഉണ്ടെന്നും നദ്ദ പറഞ്ഞിരുന്നു. അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് നിന്ന് ബിജെപിയിലെ ആർഎസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി. ഫലത്തിൽ ഇത് നാഗ്പൂരിനെ ചൊടിപ്പിച്ചു. അയോധ്യ ഉൾപ്പെട്ട ഫൈസാബാദിൽ പോലും ബിജെപി തോറ്റു. സംഘപരിവാർ ശക്തിയുള്ള യുപിയിൽ വലിയ തിരിച്ചടിയുണ്ടായി. ഇതിനൊപ്പം രാജസ്ഥാനിലും തോറ്റു. ഇതിനെല്ലാം വഴിയൊരുക്കിയത് നദ്ദയുടെ ആ പ്രസ്തവാനയാണെന്ന വാദം ബിജെപിയിലെ ആർഎസ്എസ് അനുകൂലികൾ ഉയർത്തും.

ആർ എസ് എസിന് ഇനിയും വിധേയമാകേണ്ട സാഹചര്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലൂടെ ബിജെപി ദേശീയ നേതൃത്വത്തിനുണ്ടാകുന്നത്.
ഏതായാലും ഇനി ആർ എസ് എസിന്റെ പിന്തുണ ബിജെപിക്ക് അനിവാര്യമായി മാറും. അല്ലെങ്കിൽ ഉത്തർപ്രദേശിൽ അടക്കം ബിജെപിക്ക് കടുത്ത തിരിച്ചടികൾ വരും. മോദിയുടെ പിൻഗാമിയായി അമിത് ഷായെ കൊണ്ടു വരാനുള്ള ശ്രമമാണ് നദ്ദയുടെ ആർഎസ്എസ് വിരുദ്ധ പ്രസ്താവനയെന്ന വാദവും ശക്തമായിരുന്നു. അമേഠിയിൽ മോദിയുടെ സ്വന്തം സ്ഥാനാർത്ഥിയായ സ്മൃതി ഇറാനി പോലും തോറ്റു. ബിജെപിയുടെ നേതാവ് ആരെന്ന് ഇനിയും ആർഎസ്എസ് തന്നെ നിശ്ചിയിക്കും. എൽ കെ അദ്വാനിയെ മാറ്റി നരേന്ദ്ര മോദിയുടെ ബിജെപിയുടെ ദേശീയ നേതാവാക്കിയത് ആർഎസ്എസ് ആയിരുന്നു. അന്ന് അദ്വാനിയെ പ്രധാനമന്ത്രിയാക്കണമെന്ന് സുഷമാ സ്വരാജ് പോലും ആഗ്രഹിച്ചിരുന്നു. അങ്ങനെ ആർഎസ്എസ് പിന്തുണയിൽ വളർന്ന നിലവിലെ ബിജെപി നേതൃത്വം ഇനി ആർഎസ്എസ് പിന്തുണ വേണ്ടെന്ന് പറഞ്ഞത് സംഘപരിവാറിന്റെ നാഗ്പൂർ നേതൃത്വത്തെ ഞെട്ടിച്ചു. അങ്ങനെ വീണ്ടും എല്ലാവർക്കും വഴങ്ങേണ്ട പാർട്ടിയായി ബിജെപി മാറുന്നു. ഇനി ഏകപക്ഷീയമായ തീരുമാനങ്ങൾ മോദിക്കും സംഘത്തിനും എടുക്കാനാകില്ല. ചെറിയ തിരിച്ചടി നൽകി ആർഎസ്എസ് നേതൃത്വം ഉറപ്പിക്കുന്നത് അതാണ്.



