ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിച്ചു നോക്കൂ…..
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ഭൂരിഭാഗം ആളുകളും ഡാർക്ക് ചോക്ലേറ്റിനോട് അത്ര താൽപര്യം കാണിക്കാറില്ല. മധുരം കുറവാണെന്നതും കയ്പ് അനുഭവപ്പെടുന്നു എന്നുള്ളതുമാണ് ഇതിന് കാരണം. എന്നാൽ സാധാരണ ചോക്ലേറ്റിനേക്കാൾ ആരോഗ്യപരമായി നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യാൻ ഡാർക്ക് ചോക്ലേറ്റിന് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കൊക്കോ അധികമടങ്ങിയ ഗുണനിലവാരമുള്ള ഡാർക്ക് ചോക്ലേറ്റാണ് പോഷക സമ്പന്നമായി കണക്കാക്കുന്നത്. പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം തുടങ്ങിയ ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ധാരാളം ഫൈബറും അയേണും മഗ്നീഷ്യവും കോപ്പറുമെല്ലാം ഡാർക്ക് ചോക്ലേറ്റിലുണ്ട്. കൊക്കോയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയ്ഡുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകൾ രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.
രക്തയോട്ടം വർധിപ്പിക്കുന്നതിനാൽ ഹൃദയത്തിലേക്ക് നല്ലരീതിയിൽ രക്തം എത്തുകയും ചെയ്യും. അതിനാൽ സ്‌ട്രോക്ക് പോലെയുള്ള അവസ്ഥയകളെ തടയാൻ ഇത് സഹായിക്കും. ഇടയ്‌ക്കിടെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ആർത്തവ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ വയറുവേദന ഉൾപ്പെടെ ഒഴിവാക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയ്‌ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾക്കും മികച്ച പ്രതിവിധി കൂടിയാണ് ഡാർക്ക് ചോക്ലേറ്റ്. ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാലാണ് ഡാർക്ക് ചോക്ലേറ്റ് ഇത്തരത്തിൽ സഹായിക്കുന്നത്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന കോപ്പറും ആർത്തവ പ്രശ്‌നങ്ങൾക്ക് ആശ്വാസം നൽകും.