ആർട്ടെമിസ് 2 മടക്കയാത്ര തുടങ്ങി…. അപ്പോളോ റെക്കോർഡുകൾ പഴങ്കഥയാക്കി ഒറൈൺ… ഏപ്രിൽ 11-ന് ഭൂമിയിലിറങ്ങും

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടം പിന്നിട്ടു. ചന്ദ്രനെ വലംവെച്ചുള്ള നിരീക്ഷണങ്ങൾ പൂർത്തിയാക്കി നാല് ബഹിരാകാശ യാത്രികരുമായി ഒറൈൺ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.55-ഓടെ പേടകം ചന്ദ്രന്റെ സ്വാധീനമണ്ഡലത്തിൽ നിന്ന് പുറത്തുകടക്കും.

ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന അപ്പോളോ 13 യാത്രികരുടെ റെക്കോർഡ് ആർട്ടെമിസ് 2 ദൗത്യത്തിലെ അംഗങ്ങൾ മറികടന്നു. ഇന്ന് പുലർച്ചെ പന്ത്രണ്ടേ കാലോടെ ആരംഭിച്ച ലൂണാർ ഫ്ലൈബൈയിൽ, ചന്ദ്രോപരിതലത്തിൽ നിന്നും വെറും 6545 കിലോമീറ്റർ അടുത്തെത്താൻ പേടകത്തിന് സാധിച്ചു. ചന്ദ്രനെ വലംവയ്ക്കുന്നതിനിടെ 53 മിനിറ്റോളം നീണ്ടുനിന്ന അപൂർവ്വമായ സൂര്യഗ്രഹണത്തിനും യാത്രികർ സാക്ഷിയായി.

ദൗത്യം വിജയകരമായി പൂർത്തിയാക്കിയ യാത്രികരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദനങ്ങൾ അറിയിച്ചു. മൂന്ന് ദിവസവും 22 മണിക്കൂറും നീളുന്ന യാത്രയ്ക്കൊടുവിൽ ഏപ്രിൽ 11-ന് പുലർച്ചെ 5.37-ന് പസഫിക് സമുദ്രത്തിൽ പേടകം പതിക്കും (Splashdown). തുടർന്ന് യുഎസ്എസ് ജോൺ പി. മുർത്ത എന്ന കപ്പലിലേക്ക് മാറ്റുന്ന യാത്രികരെ വൈദ്യപരിശോധനകൾക്ക് ശേഷം നാസയുടെ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലേക്ക് എത്തിക്കുന്നതോടെ ദൗത്യം പൂർണ്ണമാകും.

Related Articles

Back to top button