ആസിഡ് മലിന ജലമൊഴുക്കി.. 18 ഏക്കറോളം കൃഷി നശിച്ചു.. ലാറ്റക്സ് കമ്പനിക്കെതിരെ പരാതി…
തൃശൂര്‍: ലാറ്റക്സ് കമ്പനിയിൽ നിന്നും ആസിഡ് അടങ്ങിയ മലിന ജലമൊഴുകി ഏക്കറുകണക്കിന് കൃഷി നശിച്ചതായി പ്രദേശവാസികളുടെ പരാതി. തൃശൂര്‍ തിരുവില്വാമലയിലെ ദേവി ലാറ്റക്സ് കമ്പനിക്കെതിരെയാണ് പരാതി. കുഴികളിൽ ശേഖരിച്ചിരുന്നത് ആസിഡ് അടങ്ങിയ വെള്ളം മഴ കനത്തതോടെ കരകവിഞ്ഞ് കൃഷി സ്ഥലത്തേക്ക് ഒഴുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പാടശേഖരത്തിന് സമീപത്തെ വെള്ളച്ചാലുകളില്‍ മീനുകള്‍ ഉള്‍പ്പെടെ ചത്തുപൊങ്ങി.
18 ഏക്കറോളം കൃഷി നശിച്ചെന്ന നാട്ടുകാരുടെ പരാതിയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ലാറ്റക്സ് കമ്പനിയിലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പരാതിയെ തുടര്‍ന്ന് വെള്ളത്തിന്‍റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി കൈക്കൊളുംമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ലാറ്റക്സ് കമ്പനി മാലിന്യം തള്ളിയിട്ടില്ലെന്ന് ദേവിക ലാറ്റക്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ സജീവൻ പറഞ്ഞു. മഴ വെള്ളം കെട്ടിനിന്നാണ് കൃഷിനശിച്ചതെന്നും ലാറ്റക്സ് കമ്പനി ഡയറക്ടര്‍ വിശദീകരിച്ചു.