ആശയുടെ മൃതദേഹം മക്കളെ കാണിക്കും.. ഭർത്താവ് കസ്റ്റഡിയിൽ…
തൃശ്ശൂർ: പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. മുരളി എം.എൽ.എ ജില്ലാ കളക്ടറുമായും പൊലീസുമായും സംസാരിച്ചു. ഇതേ തുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആൺമക്കളെയും ഉടൻ പാവറട്ടിയിലെത്തിച്ച്, അമ്മയുടെ അന്ത്യകർമ്മങ്ങളിൽ ഭാഗമാക്കും.
യുവതി മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്കരിക്കാൻ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ചയാണ് നാട്ടികയിലെ ഭർതൃ വീട്ടിൽ വെച്ച് ആശയ കുന്നിക്കുരു കഴിച്ചത്. തുടർന്ന് ആശുപത്രിയിലായി. പ്രവാസിയായ സന്തോഷ് വിവരമറിഞ്ഞ് നാട്ടിലെത്തി. വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ച് ആശ മരിച്ചു. ആശയുടെ കുടുംബവും സന്തോഷും ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. മരണം നടന്നതിന് പിന്നാലെ മൃതദേഹം കാണാൻ പോലും നിൽക്കാതെ സന്തോഷ് ആശുപത്രിയിൽ നിന്ന് മടങ്ങി. നാട്ടികയിൽ മൃതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല. തുടർന്ന് ഇന്ന് രാവിലെ പത്തിന് പാവറട്ടി വീട്ടിൽ സംസ്കാരം നിശ്ചയിച്ചു. എന്നാൽ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവെച്ചു. ആശയുടെ വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും മക്കളെ വിട്ടുകൊടുക്കാൻ തയ്യാറായില്ല.