ആലപ്പുഴ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. ഉച്ചക്ക് 12 -30ഓടെ ആയിരുന്നു സംഭവം. ആശുപത്രിയിലെ പതിനാലാം വാർഡിൽ കാവൽ നിന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ സുനിൽകുമാറിനെ വാർഡിലെ ഒരു സ്റ്റാഫിന് ഭക്ഷണവുമായി എത്തിയ ക്യാൻ്റീൻ ജീവനക്കാരൻ മർദ്ദിച്ചതായാണ് പരാതി. ആശുപത്രിയിലെ ക്യാൻ്റീൻ ജീവനക്കാരനായ അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനൊന്നാം വാർഡ് അമ്പാടി വീട്ടിൽ അരുൺ (29) വാർഡിലെ ഒരു സ്റ്റാഫിന് ഭക്ഷണവുമായി എത്തിയപ്പോൾ സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽ കുമാർ തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ അരുൺ സുനിൽകുമാറിനെ തള്ളി താഴെ ഇടുകയും മർദ്ദിച്ചെന്നുമാണ് പരാതി. വിവരം അറിഞ്ഞ് എയ്ഡ് പോസ്റ്റ് പൊലീസെത്തി അരുണിനെ തടഞ്ഞുവെച്ച് അമ്പലപ്പുഴ പൊലീസിന് കൈമാറി. അനിൽകുമാറിൻ്റെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. താഴെ വീണ് നിസാര പരിക്കേറ്റ അനിൽകുമാർ ആശുപത്രിയിൽ ചികിത്സ തേടി.