ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥ..പ്രതിഷേധത്തിനൊരുങ്ങി എൽഡിഎഫ്….
ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥക്കെതിരെ എൽഡിഎഫിന്റെ പ്രതിഷേധ സമരം . ചികിത്സാ പിഴവുമൂലം രോഗികൾ മരിക്കുന്നത് നിത്യ സംഭവമായതോടെയാണ് പ്രതിരോധം മറികടക്കാനായി പ്രതിഷേധ പരിപാടിയുമായി എൽഡിഎഫ് രംഗത്തെത്തിയത്.സർക്കാരിനെതിരെ ആക്ഷേപങ്ങളുമായി കോൺഗ്രസും ബിജെപിയും കളത്തിലിറങ്ങിയതും പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എൽഡിഎഫിനെ നിർബന്ധിതമാക്കി എന്നാണ് സൂചന.
മൂന്നാഴ്ചയ്ക്കകം ചികിത്സ പിഴവ് മൂലം രണ്ട് പേരാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. മരിച്ച ഒരാൾ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ ഷിബിനയാണ്. മരിച്ച ഉമൈബയുടെ കുടുംബത്തിലും ഇടതു ബന്ധങ്ങളുണ്ട്. ചികിത്സാ പിഴവ് ഉണ്ടെന്ന ആരോപണം ഉയരുന്നത് പുറത്തു നിന്നല്ല, പാർട്ടി കുടുംബങ്ങളിൽ നിന്നായിരുന്നു. പ്രതിപക്ഷ പാർട്ടികളും പ്രശ്നം ഏറ്റെടുത്തതോടെ സിപിഐഎമ്മും എൽഡിഎഫും അക്ഷാർത്ഥത്തിൽ പ്രതിരോധത്തിലാവുകയായിരുന്നു. ഇതാണ് ആശുപത്രിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമരത്തിന് ഇറങ്ങാൻ ഇടതുമുന്നണിയെ നിർബന്ധിതമാക്കിയത്.