ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെ അമ്മയും ആറുവയസുള്ള കുട്ടിയും തിരയിൽപ്പെട്ടു
ആലപ്പുഴ: കടൽത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ അമ്മയും ആറുവയസുള്ള കുട്ടിയും തിരയിൽപ്പെട്ടു. ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് അസാം സ്വദേശികളായ അമ്മയും കുഞ്ഞും തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. ഇന്നലെ വൈകിട്ട് 5.45 ഓടെ കടൽപ്പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം.
ഭർത്താവിന്റെ കാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെയാണ് യുവതിയും കുട്ടിയും അപ്രതീക്ഷിതമായി എത്തിയ കൂറ്റൻ തിരമാലയിൽപ്പെട്ട് പോയത്. കുട്ടിയാണ് ആദ്യം തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. കുഞ്ഞിനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് അമ്മയും തിരയിൽപ്പെട്ട് തീരത്തു നിന്നും 20 മീറ്ററോളം ദൂരത്തേക്ക് ഒഴുകിപ്പോയത്.
അമ്മയെയും കുഞ്ഞിനെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവരെ ലൈഫ്ഗാർഡ് അനിൽകുമാറാണ് കടലിലേക്ക് ചാടി രക്ഷപ്പെടുത്തിയത്. ലൈഫ് ഗാർഡുകളായ ഷിബു, സന്തോഷ്, ബിജു ചാക്കോ എന്നിവരോടൊപ്പം ഭർത്താവും സഹായത്തിനെത്തി. ഇരുവർക്കും കാര്യമായ പരിക്ക് ഏറ്റിട്ടില്ലായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ ഭയന്ന അമ്മയും കുട്ടിയും കുറേ സമയം ബീച്ചിൽ ഇരുന്ന ശേഷമാണ് തിരികെ പോയത്.