ആലപ്പുഴ ബിജെപിക്ക് ഇനി എ പ്ലസ് മണ്ഡലം..പ്രചാരണത്തിനായി നരേന്ദ്ര മോദി എത്തും…
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയസാധ്യത കൽപിക്കുന്ന എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഇനി ആലപ്പുഴയും .തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പമാണ് ആലപ്പുഴയെയും എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ദേശീയ നേതൃത്വം ഉൾപ്പെടുത്തിയത് .സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ എൻ.ഡി.എ.ക്ക് ഇവിടെ വലിയ ജനപിന്തുണ ലഭിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ.
ആലപ്പുഴ എ പ്ലസ് മണ്ഡലമാകുന്നതോടെ പ്രചാരണത്തിൻ്റെ ചുമതല ദേശീയ നേതൃത്വം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ പ്രചാരണപരിപാടികൾക്ക് ആലപ്പുഴയിലേക്ക് എത്തിയേക്കും.മണ്ഡലത്തിന്റെ ചുമതല ഇപ്പോൾ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് ആണ്. മാവേലിക്കര മണ്ഡലത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ജില്ലാ അധ്യക്ഷൻ എം.വി. ഗോപകുമാറിനെയും ആലപ്പുഴയിൽ ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്.