ആലപ്പുഴ കലവൂരിലെ വീട്ട് വളപ്പിൽ നിന്നും മൃതദേഹം കണ്ടെത്തി..ശർമ്മിളയും മാത്യൂസും ദമ്പതികളാണോ എന്നും സംശയം..കൊലക്ക് പിന്നിൽ…

കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തി.മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്ര (73) ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.എന്നാൽ ഇത് സുഭദ്രയുടേത് തന്നെയാണോയെന്ന് വ്യക്തമല്ല. ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. കലവൂരിലെ വീട്ടിൽ കസ്റ്റഡിയിലുള്ളയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന പുരോഗമിക്കുന്നത്.

തീർത്ഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർത്ഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.സുഭദ്രയെ കാണാനില്ലെന്ന മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.സുഭദ്രയെ സ്വർണവും പണവും കവർന്ന ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇത് കവർന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലുപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.

തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു ഇവരുടേതു തന്നെയാണോ എന്ന് പരിശോധിക്കും.പ്രദേശത്തുനിന്ന് കനത്ത ദുർഗന്ധം വമിക്കുന്നെന്നും മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button