ആലപ്പുഴയുടെ മരുമകനായി ശ്രീറാം വെങ്കിട്ടരാമൻ.. ജില്ലാ കളക്ടർ രേണു രാജ് വിവാഹിതയായി…
കൊച്ചി: ആലപ്പുഴ ജില്ലാ കളക്ടർ ഡോ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡിയുമായ ഡോ ശ്രീറാം വെങ്കിട്ടരാമനും ചോറ്റാനിക്കരയിൽ വച്ച് വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. എം.ബി.ബി.എസ് ബിരുദധാരികളാണ് ഇരുവരും. ശേഷമാണ് രേണു രാജും ശ്രീറാം വെങ്കിട്ടരാമനും സിവിൽ സർവ്വീസിലേക്ക് പ്രവേശിക്കുന്നത്.
ഇരുവരും ദേവികുളം സബ്കളക്ടർമാരായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കലിലൂടെയാണ് ഇരുവരും വാർത്തകളിൽ ആദ്യം ഇടം നേടുന്നത്. ചങ്ങനാശേരി സ്വദേശിയാണ് രേണു രാജ്. 2014ൽ രണ്ടാം റാങ്കോടെയാണ് രേണു രാജ് ഐഎഎസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ചു. സഹപാഠിയായ ഡോക്ടറുമായി വിവാഹിതയായിരുന്ന രേണു രാജ് ബന്ധം വേർപിരിഞ്ഞിരുന്നു.
2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമനും സിവിൽ സർവ്വീസ് പ്രവേശനം നേടുന്നത്. പിന്നീട് ദേവികുളം സബ്കളക്ടറായി. എന്നാൽ 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ കാർ അപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ശ്രീറാമിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. പിന്നീടാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിക്കുന്നത്.