ആലപ്പുഴയിൽ രാസലഹരിയുമായി നഴ്സിങ് വിദ്യാർത്ഥി പിടിയിൽ….
അമ്പലപ്പുഴ: ആലപ്പുഴയിൽ രാസലഹരിയുമായി വിദ്യാർത്ഥി പിടിയിൽ.ആലപ്പുഴ നോർത്ത് പോലിസ് സ്റ്റേഷൻ പരിധിയിൽ കാളാത്ത് ജംഗ്ഷന്‍ സമീപം വെച്ച് ആര്യാട് സൗത്ത് തൈലം തറ വെളിയിൽ
അനന്തകൃഷ്ണൻ (23)നെ 6 ഗ്രാം എം.ഡി.എം.എ യുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലപ്പുഴ നോർത്ത് പോലിസും ചേർന്ന് പിടികൂടി.ഇയാൾ തമിഴ്നാട് സേലത്ത് നഴ്സിങ് പഠിക്കുകയാണ് . നാട്ടിൽ വരുമ്പോൾ ബാംഗ്ലൂരിൽ പോയി എം.ഡി.എം.എ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് കച്ചവടം നടത്തിവരികയായിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി ആലപ്പുഴ ടൗൺ ഭാഗങ്ങളാണ് ലഹരി വസ്തുക്കൾ വിൽക്കുന്നതിനായി ഇയാൾ തിരഞ്ഞെടുത്തിരുന്നത് .പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ രഹസ്യമായി നിരിക്ഷിച്ച് വരികയായിരുന്നു . ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഡി.വൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡി.വൈ.എസ്.പി വിജയന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ പിടി കൂടിയത്. ശക്തമായ പരിശോധനകളാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന ജില്ലയിൽ നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.