ആലപ്പുഴയിൽ യഥാർത്ഥ വിജയം ബിജെപിക്കെന്ന് ശോഭ സുരേന്ദ്രൻ….
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്ന് വാദത്തിനായി പറയാമെങ്കിലും യഥാർത്ഥ വിജയം ബിജെപിക്കും ആലപ്പുഴയിലെ ജനങ്ങൾക്കും തന്നെയാണ്. ഏത് മാർക്സിസ്റ്റ് പാർട്ടിയുടെ ഉരുക്കുകോട്ടയിലും ആളുകൾ ബിജെപിയെ പ്രതീക്ഷയോടെ നോക്കുന്നുണ്ട്. അതേക്കുറിച്ചുള്ള വ്യക്തത കുറച്ചുകൂടി ആലപ്പുഴയിൽ വന്നിരിക്കുന്നു എന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു.’ഇതിൽ ഒന്നാം റാങ്ക് എനിക്ക് തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ തവണ 44 ശതമാനം വോട്ട് ലഭിച്ച യുഡിഎഫിന് അത് 48 ശതമാനമായി ഉയർത്താൻ കഴിഞ്ഞില്ല. എന്നാൽ 17 ശതമാനത്തിൽ നിന്ന് 28 ശതമാനത്തിലേക്ക് ഉയർത്തുമ്പോൾ, ഓട്ടത്തിൽ നമ്മൾ വീണു എന്ന് വാദത്തിൽ പറയാമെങ്കിലും യഥാർത്ഥ വിജയം ബിജെപിക്കും ആലപ്പുഴയിലെ ജനങ്ങൾക്കും തന്നെയാണ്,’ എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
രാജ്യം മൂന്നാമതും നരേന്ദ്ര മോദിക്കൊപ്പം നിന്നതിൽ സന്തോഷമുണ്ടെന്ന് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. കേരള രാഷ്ട്രീയം മാറിമറിയുകയാണ്. ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികൾ ഏറ്റുവാങ്ങിക്കൊണ്ട് തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജനങ്ങൾ സ്വീകരിച്ചു എന്നതിൽ ഏറെ സന്തോഷം. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലും ഇവിടെ ആലപ്പുഴയിലും വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞു എന്നതിനെ ബിജെപിയുടെ അടുത്ത തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സൂചികയായി നോക്കിക്കാണുന്നു. ബിജെപിയുടെ സംസ്ഥാനത്തെ എല്ലാ നേതാക്കളുടെയും ഒരു റോൾ മോഡലായി സുരേഷ് ഗോപി നിൽക്കുകയാണ്.




