ആലപ്പുഴയിലെ റോബിൻഹുഡ്.. മൊബൈല്‍ ഫോണും പണവും കവര്‍ന്ന ഗുണ്ടാത്തലവന്‍ അറസ്റ്റില്‍….

ആലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കിയശേഷം മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ ഗുണ്ടാത്തലവന്‍ അറസ്റ്റില്‍. തിരുവല്ല നിരണം മുണ്ടനാരിൽ വീട്ടിൽ മുണ്ടനാരി അനീഷ് എന്നു വിളിക്കുന്ന എം എ അനീഷ് കുമാറിനെ (39)യാണ് എറണാകുളത്ത് നിന്ന് നൂറനാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 18ന് നൂറനാട് കരിമാൻകാവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് അരുൺ കൃഷ്ണൻ എന്ന യുവാവിനെ അനീഷ് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇതിന് ശേഷം നിരണത്തെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് മർദ്ദിച്ച് അവശനാക്കിയ ശേഷം മൊബൈൽ ഫോണും മോട്ടോർസൈക്കിളും കവരുകയായിരുന്നു.  മോഷണം, കൊലപാതക ശ്രമം, കഞ്ചാവ് കടത്തൽ, ഭവനഭേദനം തുടങ്ങി മുപ്പതിലധികം കേസുകളിൽ പ്രതിയായ ഇയാൾ നിരണം ഭാഗത്തെ റോബിൻഹുഡ് എന്നാണ് അറിയപ്പെടുന്നത്. അനീഷ് നേതൃത്വം കൊടുക്കുന്ന ക്രിമിനൽ സംഘമാണ് അരുൺ കൃഷ്ണനെ തട്ടിക്കൊണ്ടു പോയത്. സംഘാംഗമായ റെനു രാജനെ കരിമാൻകാവ് ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തിയതിന് കൈകാര്യം ചെയ്ത കൂട്ടത്തിലുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചാണ് അരുൺ കൃഷ്ണനെ ഇവർ തട്ടിക്കൊണ്ടുപോയത്.  ഇയാളുടെ സംഘത്തിൽ പെട്ട റെനു രാജൻ (26), ആദർശ് (19), ദീപക്ക് (19), മുഹമ്മദ് സെയ്ദലി (23), തരുൺ തിലകൻ (19), അഖിൽ ടി ആർ (23), ഫൈസൽ (30), ഉണ്ണിക്കുട്ടൻ (30), എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സംഘത്തലവനായ മുണ്ടനാരി അനീഷ് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. നിലവിൽ തിരുവല്ല കേന്ദ്രീകരിച്ച് ഗഞ്ചാവ് കടത്തലാണ് പ്രവർത്തന മേഖല. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും 25 വയസിനു താഴെ പ്രായമുള്ളവരാണ്.  പ്രായപൂർത്തിയാകാത്ത ചില കുട്ടികളും ലഹരിക്കടിമപ്പെട്ട് ഇയാളുടെ സംഘത്തിൽ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ് ശ്രീകുമാറിനൊപ്പം എസ് ഐ നിതീഷ് എസ്, സിവിൽ പോലീസ് ഓഫീസർമാരായ സിജു എച്ച്, ജയേഷ് വി, ജംഷാദ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button