ആറ് വയസ് പ്രായമുള്ള മകനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടച്ചു

6 വയസ് മാത്രം പ്രായമുള്ള മകനെ നായയുടെ കൂട്ടില്‍ അടച്ചും പെണ്‍മക്കളെ മഴയത്ത് നിര്‍ത്തിയും മാതാപിതാക്കളുടെ ക്രൂരത. മകനോടും നാലും അഞ്ചും വയസ് പ്രായമുള്ള പെണ്‍കുട്ടികളോടുമാണ് മാതാപിതാക്കള്‍ ക്രൂരത കാണിച്ചത്. മകനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടച്ച ദമ്പതികള്‍ ഒടുവില്‍ പിടിയിലായി. ഫിലാഡെല്‍ഫിയയിലെ വീട്ടിലാണ് സംഭവം.

30കാരിയായ മിഷെല്‍ ക്യാംബെലും 31കാരനായ പോള്‍ വെബ്ബറുമാണ് പിടിയിലായത്. പെണ്‍കുട്ടികളെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് മഴയത്ത് കിടത്തിയായിരുന്നു രക്ഷിതാക്കളുടെ ക്രൂരത. അയല്‍വാസിയാണ് കുട്ടികളെ മഴയത്ത് കിടത്തിയിരിക്കുന്ന വിവരം പൊലീസിനെ അറിയിക്കുന്നത്. ഇത് പരിശോധിക്കാനായി എത്തിയ പൊലീസാണ് മകനെ നായയുടെ കൂട്ടില്‍ അടച്ചത് കാണുന്നത്. കൂട് അടച്ചെന്ന് ഉറപ്പുവരുത്താന്‍ സിപ്പ് ടൈ ഉപയോഗിച്ച് അടക്കുകയും ചെയ്തിരുന്നു. ഒരു ബ്ലാങ്കറ്റ് മാത്രമായിരുന്നു ആറ് വയസുകാരന് നായയുടെ കൂട്ടില്‍ ഇട്ട് നല്‍കിയിരുന്നത്.

വീട്ടിലുണ്ടായിരുന്ന നാല്‍പതുകാരിയെയും 80 വയസ് പ്രായമുള്ള വൃദ്ധയേയും പൊലീസ് സര്‍ക്കാര്‍ സംരക്ഷണത്തിലാക്കിയിട്ടുണ്ട്. വീട്ടില്‍ ദമ്പതികളുടെ ബന്ധുവാണെന്ന് കരുതപ്പെടുന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്ന മറ്റൊരു യുവാവിനെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികള്‍ സ്കൂളിലായിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് നിലവില്‍ കുട്ടികളുള്ളത്.

Related Articles

Back to top button