ആറ്റിങ്ങൽ അടൂരിനൊപ്പംയുഡിഎഫിന് വീണ്ടും ‘പ്രകാശം’…..
കേവലം മൂന്ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രം മാത്രമുള്ള ആറ്റിങ്ങല്‍ പാർലമെൻ്റ് മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷത്തിൽ സിറ്റിംഗ് എം പി അടൂർ പ്രകാശ് വിജയിച്ചു. വോട്ടുനിലകൾ മാറിമറിഞ്ഞ ആറ്റിങ്ങലിൽ ഫോട്ടോ ഫിനിഷിൽ 1708 വോട്ടുകൾക്കാണ് ഇടതുപക്ഷത്തിൻ്റെ വി. ജോയിയെ അടൂർ പരാജയപ്പെടുത്തിയത്. അടൂരിനെ തുണച്ചത് സിപിഎം പ്രതിനിധി ജി.സ്റ്റീഫൻ എംഎൽഎയുടെ മണ്ഡലമായ അരുവിക്കരയിലെ പൂവച്ചൽ, കുറ്റിച്ചൽ പഞ്ചായത്തുകൾ നൽകിയ ലീഡ്.എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഇടതു കോട്ടകളിൽ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ആറ്റിങ്ങൽ, ചിറയിൻകീഴ്, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ മുരളീധരൻ 3.11 ലക്ഷം വോട്ടുകളാണ് നേടിയത്. 2019 ൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നേടിയ 2.48 ലക്ഷത്തിൽ നിന്ന് വോട്ടു വിഹിതം 3.11 ലക്ഷമായി ഉയർത്താൻ മുരളീധരന് കഴിഞ്ഞു. 2019 ൽ സിപിഎമ്മിലെ എ.സമ്പത്ത് അടൂർ പ്രകാശിനോട് മത്സരിച്ച് നേടിയത് 3. 42 ലക്ഷം വോട്ടുകൾ. എന്നാൽ ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ സ്ഥാനാർത്ഥി വി. ജോയിക്ക് ലഭിച്ചത് 3.21 ലക്ഷം വോട്ടുകൾ മാത്രം. ജോയി ആകെ ലീഡ് ചെയ്തത് സ്വന്തം തട്ടകമായ വർക്കലയിൽ മാത്രം. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെല്ലാം എൽഡിഎഫ് വോട്ടുകൾ ചോർന്നത് നേതൃത്വത്തെ കുഴക്കുന്നുണ്ട്.2019 ല്‍ അടൂർ പ്രകാശിനെ ഇറക്കിയുള്ള ശക്തി പ്രകടനത്തിലാണ് 1991 ന് ശേഷം ആദ്യമായി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചത്. എ. സമ്പത്തിനെ 38247 വോട്ടിനായിരുന്നു അടൂർ പ്രകാശ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്. ഇക്കുറി നടന്ന ശക്തമായ ത്രികോണ മത്സരം അടൂരിൻ്റെ ഭൂരിപക്ഷം നാലക്കത്തിൽ ഒതുക്കി.