ആറാമതും ഉർവശി…ഉള്ളൊഴുക്കിന്റെ ആഴം തിരിച്ചറിഞ്ഞ നേട്ടം…
മലയാളിയുടെ ഒരു വിധം എല്ലാ ഭാവങ്ങളും അഭ്രപാളിയിൽ ഏറെ മനോഹരമായി തന്റേതായൊരു കയ്യൊപ്പോടെ അനശ്വരമാക്കിയിട്ടുണ്ട് നടി ഉർവശി. ഉള്ളൊഴുക്കിലെ പാർവതി തിരുവോത്തിന്റെ കഥാപാത്രമായ അഞ്ജുവിന്റെ അമ്മായിയമ്മയായ ലീലാമ്മയായി ഉർവശി എത്തിയപ്പോൾ അവിടെ വിരിഞ്ഞ ഭാവതീവ്രതകളുടെ ആഴം കൊണ്ട് വീണ്ടും ഉർവശി വിസ്മയിപ്പിക്കുകയായിരുന്നു.
വേദനയും നിരാശയും ദേഷ്യവും അതിനൊപ്പം അർഥഗർഭമായ ശാന്തതയുമൊക്കെ ലീലാമ്മയിൽ മിന്നി മറഞ്ഞപ്പോൾ ഉർവശി വീണ്ടും അംഗീകരിക്കപ്പെടുമെന്നും ആറാമതും സംസ്ഥാനത്തെ മികച്ച നടിയാവുമെന്നും കരുതിയിരുന്നവർ ഏറെയായിരുന്നു. ആ കരുതലുകളുടെ ഉറപ്പ് കൂടിയായിരുന്നു ഉർവശിയുടെ മികച്ച നടിക്കുള്ള ഈ പുരസ്കാരനേട്ടം.