ആറര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്‌ക്ക്….
തിരുവനന്തപുരം: കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ മണിക്കൂറിൽ 110 കിലോമീറ്റർ കാറിൽ സഞ്ചരിച്ചാലോ? കാരോട്-തലപ്പാടി ആറ് വരി പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇത് യാഥാർത്ഥ്യമാകും. എൻഎച്ച് 66 എന്ന ഈ പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കാരോട് മുതൽ വടക്ക് കർണാടക അതിർത്തിയായ തലപ്പാടി വരെയുള്ള 631.8 കിലോമീറ്റർ സംസ്ഥാനത്തെ അതിവേഗ പാതയായി മാറും.
പാത പൂർത്തിയാകുന്നതോടെ ശരാശരി 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ചാലും ആറ് മണിക്കൂർ 32 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കാൻ സാധിക്കും.നിലവിൽ കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള ആറുവരിപ്പാതയിലെ പരമാവധി വേഗത 90 കിലോമീറ്ററാണ്. ട്രാവലർ ഉൾപ്പെടെയുള്ള ഒൻപത് സീറ്റിന് മുകളിലുള്ള വാഹനങ്ങളുടെയും വേഗത ആറുവരി ദേശീയപാതയിൽ 95, നാലുവരി പാതയിൽ 90 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. വേഗമാറ്റം കണക്കാക്കി സ്പീഡ് ഗവണറിലും മാറ്റം വരുത്തും.
കേരളത്തിലൂടെ കടന്നുപോകുന്ന എട്ട് ദേശീയപാതകളിലെ വേഗത 90 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി വർദ്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന പാതകളിലും ജില്ലാ റോഡുകളിലും വാഹനങ്ങളുടെ വേഗത 65ൽ നിന്നും 80 കിലോമീറ്ററായി വർദ്ധിപ്പിക്കാനും തീരുമാനം ആയിട്ടുണ്ട്.