ആരോഗ്യമന്ത്രിക്കെതിരെ സമരത്തിനൊരുങ്ങി പത്തനംതിട്ടയിൽ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികൾ….
പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിലാണ് പ്രതിഷേധം. ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ഇല്ലാത്തതിനാൽ സാമ്പത്തിക ബാധ്യത വന്ന പട്ടികവർഗ്ഗ വിദ്യാർത്ഥിനി പഠനം നിർത്തിയ സാഹചര്യം വരെ കോളേജിലുണ്ടായെന്ന് രക്ഷിതാക്കൾ പറയുന്നു. തിങ്കളാഴ്ച രാവിലെ കോളേജിൽ നിന്ന് തുടങ്ങി ജനറൽ ആശുപത്രി വഴി മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിപക്ഷ യുവജന സംഘടനകളും നഴ്സിംഗ് കോളേജ് വിഷയം ഏറ്റെടുത്ത് സമരം തുടങ്ങിയിരുന്നു.