ആഭരണ നിര്‍മാണ ഷോപ്പില്‍ വന്‍ മോഷണം…..31 പവന്‍ വരുന്ന സ്വര്‍ണവും അഞ്ച് കിലോഗ്രാം വെള്ളിയും മോഷണം പോയി…

പേരാമ്പ്ര ചെറുവണ്ണൂര്‍ ടൗണിലെ ആഭരണ നിര്‍മാണ ഷോപ്പില്‍ വന്‍ മോഷണം. ചെറുവണ്ണൂര്‍ പിലാറത്ത്താഴെ വിനോദിന്റെ പവിത്രം എന്ന പേരിലുള്ള സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വന്‍ മോഷണം നടന്നത്. 31 പവന്‍ വരുന്ന സ്വര്‍ണവും അഞ്ച് കിലോഗ്രാം വെള്ളിയും ജ്വല്ലറിയില്‍ നിന്ന് നഷ്ടമായി. സ്ഥാപനത്തിന്റെ പിറകുവശത്തെ ചുമര് തുറന്നാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.
പുതുതായി പണിതതും നന്നാക്കാന്‍ ഏല്‍പ്പിച്ചതുമായ ആഭരണങ്ങള്‍ ഉള്‍പ്പെടെയാണ് മോഷ്ടിക്കപ്പെട്ടത്. കടയിലുണ്ടായിരുന്ന പഴയ വെള്ളി ആഭരണങ്ങള്‍ ഇവിടെ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് വൈകീട്ട് 5.30ഓടെ വിനോദ് കട അടച്ചിരുന്നു. രാവിലെ സമീപത്തെ കടയുടമ പിറകുവശത്തെ മെയിന്‍ സ്വിച്ച് ഓണാക്കാനായി ചെന്നപ്പോഴാണ് ചുമര്‍ തുറന്നത് ശ്രദ്ധയില്‍പ്പെട്ടത്.

വിവരം അറിഞ്ഞെത്തിയ വിനോദ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കടയിലെ സേഫ് തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ മേപ്പയ്യൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര ഡിവൈ.എസ്.പി കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button