ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി…
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി. തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ ഊരുകാരുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്. ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിൽ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി ഊരുകളിലേക്ക് എത്തിച്ചിരിക്കുന്നത്. നാല് ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. 6.2 കോടിയുടെ പദ്ധതിയാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാനായി നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 92 വീടുകളിലാണ് വൈദ്യുതി എത്തിച്ചത്. ഇതോടെ കഴിഞ്ഞ മാസം കേരളത്തിൽ ഏറ്റവും അധികം വൈദ്യുതി കണക്ഷൻ നൽകിയ ഇലക്ട്രിക്കൽ സെക്ഷൻ എന്ന ബഹുമതി അഗളിക്ക് സ്വന്തമായി.